
ന്യൂജഴ്സി: ഫിഫ ലോകകപ്പിൽ ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഫ്രഞ്ച് ടീം നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചത്. കിലിയൻ എംബപെയുടെ ഇരട്ടഗോളിനൊപ്പം ബ്രാഡ്‌ലി ബാർകോളയുടെ ഒരു ഗോളും ചേർന്നതോടെയാണ് ഫ്രാൻസിന്റെ ആധികാരിക വിജയം.
ആദ്യപകുതി അവസാനിക്കാനിരിക്കെ 45-ാം മിനിറ്റിൽ എംബപെയാണ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. കോർണറിൽ നിന്ന് ആരംഭിച്ച മനോഹര നീക്കത്തിനൊടുവിൽ ഉസ്മാൻ ഡെംബലെയും മിഖായേൽ ഒലിസെയും ചേർന്ന് ഒരുക്കിയ അവസരം എംബപെ കൃത്യമായി വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ഒലിസെയുടെ പാസ് സ്വീകരിച്ച ബ്രാഡ്‌ലി ബാർകോള ലീഡ് ഇരട്ടിയാക്കി. 74-ാം മിനിറ്റിൽ ഒലിസെയുടെ മറ്റൊരു നിർണായക അസിസ്റ്റ് എംബപെ രണ്ടാം ഗോളാക്കി മാറ്റിയതോടെ മത്സരം ഫ്രാൻസിന്റെ പൂർണ നിയന്ത്രണത്തിലായി.
ഈ ഇരട്ടഗോളോടെ ലോകകപ്പിൽ എംബപെയുടെ ഗോൾനേട്ടം ആറായി. ലയണൽ മെസ്സിക്കൊപ്പം ഈ ടൂർണമെന്റിലെ ടോപ് സ്‌കോറർ പട്ടികയിലും അദ്ദേഹം എത്തി. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയ എംബപെ, മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 29 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളുമായി ലയണൽ മെസ്സിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
മിഖായേൽ ഒലിസെ ഫ്രാൻസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മൂന്ന് ഗോളുകൾക്കും വഴിയൊരുക്കിയ താരം ഈ ലോകകപ്പിൽ അഞ്ച് അസിസ്റ്റുകളുമായി ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരമായി. ബ്രസീലിന്റെ ബ്രൂണോ ഗിമാറസിന്റെ നാല് അസിസ്റ്റുകളുടെ റെക്കോർഡാണ് ഒലിസെ മറികടന്നത്.
മത്സരത്തിന്റെ തുടക്കത്തിൽ സ്വീഡൻ ആക്രമണോത്സുകമായാണ് കളിച്ചത്. മൂന്നാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിന് ലഭിച്ച മികച്ച അവസരം ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെയ്ഗ്നൻ അനായാസം തടഞ്ഞു. തുടർന്ന് ഫ്രാൻസ് ആക്രമണം ശക്തമാക്കിയപ്പോൾ ലൂക്കാസ് ഡിഗ്നെയുടെ ഷോട്ടും സ്വീഡിഷ് ഗോൾകീപ്പർ രക്ഷപ്പെടുത്തി.
ആദ്യ പകുതിയിൽ തന്നെ എംബപെയുടെ ഒരു ഗോൾ ഓഫ്‌സൈഡിൽ നിഷേധിക്കപ്പെട്ടു. പിന്നാലെ എംബപെയുടെ മറ്റൊരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ, ഒലിസെയുടെ ബൈസിക്കിൾ കിക്കും പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. റീബൗണ്ടിൽ ഉസ്മാൻ ഡെംബലെയുടെ ശ്രമവും ലക്ഷ്യം കണ്ടില്ല.
മത്സരത്തിലെ കണക്കുകൾ ഫ്രാൻസിന്റെ സമ്പൂർണ ആധിപത്യം വ്യക്തമാക്കുന്നതായിരുന്നു. ആദ്യ പകുതിയിൽ ആറു ഓൺ-ടാർഗറ്റ് ഷോട്ടുകളും 15 ഗോളവസരങ്ങളും സൃഷ്ടിച്ച ഫ്രാൻസ്, മുഴുവൻ മത്സരത്തിലായി 25 അവസരങ്ങൾ ഉണ്ടാക്കി. ഇതിൽ 12 ഷോട്ടുകൾ ലക്ഷ്യത്തിലേക്കും 16 ശ്രമങ്ങൾ പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുമായിരുന്നു. മറുവശത്ത്, സ്വീഡന് ആകെ ആറു ഗോളവസരങ്ങളും രണ്ട് ഓൺ-ടാർഗറ്റ് ഷോട്ടുകളും മാത്രമാണ് നേടാനായത്.











